Sunday, November 20, 2011

അമ്മ

അമ്മ
ആദ്യമായ് ചൊല്ലിയ നാമം -അമ്മ
ആനന്ദ ദായക നാമം
ആരിലും സ്നേഹം വളര്‍ത്തും -നിത്യം
ആശ്രയ കേദാരമമ്മ
നല്ലത് ചൊല്ലിത്തരുന്ന -പൂര്‍ണ്ണ
നന്മയണെന്നുമെന്നമ്മ
ത്യാഗനിധി യാണ് ,വീട്ടിനെന്നും
ഐശ്വര്യ ദാതാവെന്നമ്മ
*** *** ***

Tuesday, October 11, 2011

കുട്ടിക്കവിതകള്‍


പേര് ചൊല്ലാമോ?

ഇന്നെന്റെ മുറ്റത്തു പൂവിരിഞ്ഞു
വെള്ളനിറമുള്ള പൂ ,ഒരെണ്ണം
നല്ല സുഗന്ധവും കുഞ്ഞിതളും
എന്താണതിന്‍ പേര് ചൊല്ലിടാമോ
?

Saturday, October 8, 2011

പൂമ്പാറ്റ...

പൂമ്പാറ്റ... .
*********
പുള്ളിയുടുപ്പൊ-
ന്നിട്ടുവരുന്നൊരു
കള്ളിപ്പെണ്ണേ,പൂമ്പാറ്റേ
നിന്നോടിഷ്ടം
കൂടാനെത്ര
കിന്നാരം ഞാന്‍
ചൊല്ലേണം...?

*************

Tuesday, October 4, 2011

കുട്ടിക്കവിതകള്‍

കണ്ണാടി.
*********
ചങ്ങാതി നന്നായാല്‍
കണ്ണാടി വേണ്ടെന്ന്
ചൊല്ലിയതാരാണ്‌?
തെക്കേക്കടവിലെ
കണ്ണാടി വില്‍പന-
ക്കാരന്റെ ശത്രുവാണേ.

കുട്ടിക്കവിതകള്‍

പഠനം
************

'കിട്ടേണ്ടത്‌ കിട്ടിയാലേ
കുട്ടികള്‍ പഠിക്കൂ'
വെറ്റില മുറുക്കിത്തുപ്പി
മുത്തശ്ശി പറഞ്ഞു.


കുട്ടിക്കവിതകള്‍

എളുപ്പം
*******

എളുപ്പമാണു കിണറ്റില്‍
എടുത്തു ചാടിടാനായ്‌
തിരിച്ചു കേറുവാനോ
എളുപ്പമല്ലെന്നറിയൂകുട്ടിക്കവിതകള്‍

ബുദ്ധിമാന്‍
***********
രണ്ടു തവള വെള്ളം തേടി
തെണ്ടി നടന്നെങ്ങും
ഒടുവിലൊരു കിണറിനുള്ളില്‍
കുറച്ചു വെള്ളം കണ്ടു;
ഒരുത്തനോതി,'ഭാഗ്യം! നമു-
ക്കെടുത്തു ചാടിയാലോ?'
അപരന്‍ ചൊല്ലി 'അരുത്‌, പിന്നെ
തിരിച്ചു കേറാന്‍ വയ്യ'
ബുദ്ധിയുള്ള കൂട്ടുകാരന്‍
ചൊന്ന വാക്കു കേട്ട്‌
കിണറ്റില്‍ ചാടാന്‍ മെനക്കെടാതെ
തിരിച്ചു പോയി രണ്ടും.

കുട്ടിക്കവിതകള്‍

തേരട്ട.......
********

തേരട്ടയൊന്നു ചിരട്ടയില്‍ കേറി
നേരിട്ടു കണ്ടപ്പോളമ്മു ചിരിച്ചു.
പേരയ്ക്കയൊന്നു പറിച്ചെടുത്തയ്യൊ
തേരട്ടയ്ക്കിട്ടവളേറു കൊടുത്തു.
***********************

കാത്തിരിപ്പ്‌ ....

കാത്തിരിപ്പ്‌ ....
***********
ഓല വിരിഞ്ഞൊരു
തൈത്തെങ്ങിന്റെ
മോളിലിരിപ്പുണ്ടൊരു തത്ത,
ആരെക്കാത്താണാവോ ഊഞ്ഞാ-
ലാടാന്‍ കൂട്ടിനു തോഴനെയോ?

*****************

കുട്ടിക്കവിതകള്‍

തീവണ്ടി..
**********
ഇന്നലെ ഞാന്‍ കണ്ടമ്പോ-
നല്ലൊരു വണ്ടി,
നീണ്ടൊരു വണ്ടി
ഇല്ലതിലെങ്ങും
തീയെന്നിട്ടും
പേരതിനുണ്ടേ തീവണ്ടി.

*****************

Wednesday, July 20, 2011

ഇപ്പോഴും....

ഇപ്പോഴും....
*************
ശാരദവാനിലെ താരങ്ങളങ്ങിങ്ങു
കണ്ണുകള്‍ചിമ്മുമീ രാത്രി
പാലൊളിതിങ്കള്‍ക്കുടം വീണു പൂനിലാ-
പ്പാലൊഴുകുന്നൊരീ രാത്രീ
ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
കാതോര്‍ത്തിരിക്കുന്നു..ഞാന്‍
ഇമ പൂട്ടാതിരിക്കുന്നു...
(ശാരദവാനിലെ......)
ഉള്ളില്‍ ലഹരിയാര്‍ന്നുന്മാദമായ്‌ കിളി-
പഞ്ചമം പാടിയതില്ല
കളകള നാദമുയര്‍ത്തിയൊരു കാട്ടു-
ചോലയുമൊഴുകിയതില്ലാ.....
(ശാരദ വാനിലെ...)

ഉദയ സൂര്യന്‍ മല മുകളില്‍ കരേറുവ-
നിനിയും നേരമായില്ല,
പൂവിന്നിതളില്‍ തുഷാര ബിന്ദുക്കള്‍
വെണ്‍ മുത്തായി മാറിയതില്ല
(ശാരദവാനിലെ...)


നീലക്കടല്‍ത്തിരമാലകള്‍ തീരത്തെ
വാരിപ്പുണര്‍ന്നതുമില്ല
ആഷാഡമേഘങ്ങള്‍ പൊന്നുഷ:സന്ധ്യയ്ക്കായ്‌
വര്‍ണ്ണങ്ങള്‍ചാലിച്ചതില്ല....
ആരോ ഒരാള്‍വരും കാലടിയൊച്ചയ്ക്കായ്‌
കാതോര്‍ത്തിരിക്കുന്നു..ഞാ-
നിപ്പോഴും കാതോര്‍ത്തിരിക്കുന്നു.....


Monday, July 4, 2011

എവിടെ ?

ശ്രീനാഥനെവിടെ.....?
ശ്രീദേവി എവിടെ....?
ആ.....ആ.....ആ.....


..ശ്രീനാഥനില്ലാത്ത...
ശ്രീദേവിയില്ലാത്ത കോവില്‍.....
ശ്രീരാഗമില്ലാത്ത
ശീവേലിയില്ലാത്ത
നഷ്ട സ്വപ്നങ്ങള്‍തന്‍ കോവില്‍
നിത്യ നിതാന്തമീഭൂമി..


                                    ശ്രീനാഥ.....


ഇവിടെയിതാ..തുടി താളം
മറന്നതാം ഇടയ്ക്കകള്‍...
അണിയുവാനാകാതെ...
ചിലമ്പുകള്‍...
ശ്രുതിയുണര്‍ന്നീടാത്ത..
മണിവീണകള്‍ -അപ-
ശ്രുതിമുഴങ്ങും രണഭൂമി...ഇത്‌
അശാന്തമാമൊരു കോവില്‍....


                                           ശ്രീനാഥ....


ഇവിടെയിതാ ഇരുള്‍ പെറ്റ
മോഹത്തിന്നൊളിയിടങ്ങള്‍
ദാഹനീരൊഴുകാത്തൊ-
രരുവികള്‍...
മിഴി തുറന്നീടാത്ത
നിലവിളക്ക്‌..ഏതോ-
മുനിശാപമേറ്റൊരീ ഭൂമി .ഇത്‌
അശാന്തമാമൊരു കോവില്‍.....


                                         ശ്രീനാഥ....

വെറുതെ...
കുയിലിണ കൂവുന്ന മധുരഗാനത്തിന്റെ
ലഹരിയില്‍ മുഴുകി ഞാന്‍ നില്‍ക്കേ
അതു നിന്റെയോര്‍മ്മത-
ന്നുയിരുണര്‍ത്തീടുന്നു
അനുരാഗ വിവശയാകുന്നു ഞാന്‍
അനുരാഗ വിവശയാകുന്നു...


മദഭരവര്‍ഷമായ്‌
മലര്‍മണം പെയ്തൊരാ
പഴയപൂങ്കാവനത്തില്‍
ഒരു വര്‍ണ്ണശലഭമായ്‌
പ്പാറിപ്പറക്കുവാന്‍
ദാഹമുണരുന്നു ...നെഞ്ചില്‍
മോഹമുണരുന്നു.


പുലര്‍മഞ്ഞു തൂകുമാ
കുന്നിഞ്ചെരിവിലെ
തളിരിളം പുല്‍പ്പരപ്പില്‍
നിന്മാറില്‍ തലചായ്ച്ചിരുന്ന
നിമിഷങ്ങള്‍
തിരികെ വിളിക്കുന്നു...എന്നെ
തിരികെ വിളിക്കുന്നു.


നിറമുള്ള സന്ധ്യയെ
പുണരുന്ന സൂര്യന്റെ
കിരണങ്ങള്‍ മാഞ്ഞിടും മുന്‍പെ
ഇനിയുമാ തീരത്ത്‌
ചേര്‍ന്നൊന്നിരിക്കുവാന്‍
വെറുതെ കൊതിക്കുന്നു....ഞാന്‍
വെറുതെ കൊതിക്കുന്നു...
**********വിഷുപ്പക്ഷി.
എന്തിനു കാലം തെറ്റി
വന്നു വിഷുപ്പക്ഷി
നിന്നിണക്കിളി നിന്നെ
വേര്‍പിരിഞ്ഞോ?
ഈ മുളം കാട്ടിലും
ഈ മലര്‍ത്തോപ്പിലും
തേടുകയാണോ നിന്‍
പ്രിയതമയെ....?


                                    എന്തിനു കാലം തെറ്റി

നീലാംബുജങ്ങള്‍
മറന്ന തടാകങ്ങള്‍
നീരദപാളിയുറഞ്ഞ
വെണ്മേഘങ്ങള്‍
നിന്‍ മിഴിത്തുമ്പില്‍നി
ന്നിറ്റിറ്റു വീഴുമീ
കണ്ണീര്‍കണങ്ങളില്‍
തെളിഞ്ഞിടുന്നു....

                                  എന്തിനു കാലം തെറ്റി.......


അന്നു നിന്നിണയുടെ
കൊഞ്ചല്‍ നിന്‍ ജീവനില്‍
സുന്ദരരാഗത്തേന്‍
ശ്രുതി പകര്‍ന്നു....
ഇന്നീനൊമ്പര
ചെങ്കടലില്‍ നിന്റെ
ജന്മമൊടുങ്ങുന്നീ
സന്ധ്യകളില്‍....


                              എന്തിനു കാലം തെറ്റി......

**************